വാമൊഴിയേക്കാള്‍ കരുത്തുറ്റ വിനിമയമാധ്യമം എഴുത്താണ് എന്ന വെളിപാടോടെ തീക്ഷണമായ യൗവ്വനം ഏകാന്തമായ ദിവാസ്വപ്നങ്ങളുടെ എഴുത്തുപലകക്ക് മുകളില്‍ അടയിരിക്കുകയായിരുന്നു. എഴുത്ത് സ്വകാര്യതയാണ്. അത് നഗ്നവും, നിഷ്കളങ്കവും, സത്യവുമാകുന്നു. ഹൃദയം പ്രാണവേദനയോടെ പ്രസവിച്ചിടുന്ന വക്കുപൊട്ടാത്ത വാക്കുകളെ അതേ ഹൃദയവികാരത്തോടെ വായനക്കാരന് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ എഴുത്തുകാരന്റെയും വായനക്കാരന്റെയും ഹൃദയങ്ങളെ ഒന്നാക്കുന്ന സവിശേഷ ആത്മീയ ചാലകമാകുന്നു എഴുത്ത്. കാരണം വായനയും സ്വകാര്യമാണല്ലോ! മുന്‍തലമുറയുടെ അനുരാഗതീവ്രത പ്രണയലിഖിതങ്ങളായി മാറിയകാലം ‘ജനകീയസാഹിത്യത്തിന്റെ’ സുവര്‍ണ്ണകാലം കൂടിയാിരുന്നു. പിന്നെ ക്യാമ്പസുകളില്‍ കവിതകള്‍ ഹൃദയം പൊട്ടിയൊഴുകുകയും,അതിന്റെ വേദനയുടെ സ്വത്വാന്വേഷണങ്ങളില്‍ ജീവിതത്തെ ചുട്ടുപുകക്കുകയും ചെയ്ത കളുഷിത ചിന്തകളുടെ കാലമായിരുന്നു.എന്നാല്‍ നാട്ടിന്‍പുറങ്ങളില്‍ നാലാള് കൂടുന്നയിടം ഗ്രാമീണ വായനശാലകളായി.മാര്ക്സിസതോടൊപ്പം സാഹിത്യ ചര്‍ച്ചകളും, നാടകസംഘങ്ങളും,ഫിലിം ക്ലബുകളും, സജീവമായി സമൂഹത്തെ വായിച്ചെടുക്കുകയും തിരുത്തി എഴുതുകയും ചെയ്തു ഞാനപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും അഭയം കിട്ടാതെ എന്നെ എന്നെയാക്കാനുള്ള ജൈവപരിണിതിയുടെ ഏതോ സൂഷ്മ ഘട്ടത്തിലായിരുന്നിരിക്കണം. വായന മരിച്ചുവെന്നും, ആഗോളീകരണം പ്രകൃതിയെ മാനഭംഗപെടുത്തിയെന്നും, സോവിയറ്റ് യൂണിയന് സ്വപ്നങ്ങള്‍ മാഫിയകളുടെ വലം കൈയ്യിലമര്ന്നെന്നുമൊക്കെയുള്ള മനുഷ്യ സ്നേഹികളുടെ വിലാപങ്ങള്‍ക്കിടയില്‍ പ്രതീക്ഷകളുടെ കിരണം പോലുമേല്ക്കാതെയാണു ഞാന്‍ യൗവനത്തിലേക്ക് പെറ്റുവീണത് വായനശാലകള്‍ക്ക് പകരം ക്രിക്കറ്റ് ക്ലബ്ബുകളും, പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് പകരം അധികാരതര്‍ക്കങ്ങളും, കവിത തുളുമ്പുന്ന പ്രണയ ലേഖനങ്ങള്‍ക്ക് പകരം രണ്ട് വരി sms ഉം ചാറ്റിങ്ങുകളും രംഗത്തുണ്ടായിരുന്നു. എഴുതാന്‍ വേണ്ടി മാത്രം ജനിച്ച ഞാന്‍ കാലം തെറ്റിപെറ്റുവീണെന്ന തോന്നലില്‍ ഒരു നിമിഷം പകച്ചുപോയി. അമ്മ പറഞ്ഞു
” മോനിപ്പോള്‍ ജനിക്കേണ്ടവനല്ലായിരിക്കാം. പക്ഷേ നിന്നെ എനിക്ക് ഈ ജിവിതത്തിലൊരാശ്രയമായി വേണമായിരുന്നതിനാല് ഞങ്ങള്‍ സ്വന്തമാക്കിയതാണ്” അച്ഛനുമമ്മക്കും വേണ്ടി ജീവിതം കോണ്‍ക്രീറ്റിന്റെയും, ആജ്ഞകളുടേയും,ലോകത്തേക്ക് പറിച്ചുനട്ടു. അപ്പോഴും മനസ്സില്‍ ചാറ്റല്‍ മഴയേറ്റ് കിടക്കുന്ന പച്ചപ്രകൃതിയില് ഇളം കാറ്റുവീശുന്നുണ്ടായിരുന്നു. മനസ്സും ജീവിതസാഹചര്യങ്ങളും വൈരുദ്ധ്യ ധ്രുവങ്ങളില്‍ നിന്ന് സമരങ്ങളുടെ തീച്ചൂളയെരിയിച്ചുകൊണ്ടിരുന്നു. അവസാനം സാഹചര്യങ്ങള്‍ക്ക് കീഴ്പെടാനും സ്വപ്നങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചു. ഉത്തരാധുനിക എഴുത്തും ചിന്തകളും അവസാനിച്ചു. നിയോ കമ്മ്യൂണിസവും, ഫെമിനിസവും, പരിസ്ഥിതിയും, ചിതറിപോയവന്റെ കണ്ണീരും, കണ്ടില്ലെന്നുനടിച്ചു. നര്‍മ്മദയേയും ചാലിയാറിനേയും മറന്നു. ഹിരോഷിമയേയും,പാലസ്ഥീനേയും ഓര്‍ക്കാതായി. കോണ്‍ക്രീറ്റ് വനങ്ങളുടെ വളര്‍ച്ചയോ മഴക്കാടുകളുടെ ലോപമോ അലട്ടാതായി. പക്ഷേ ഒന്നുമാത്രം അന്നുമിന്നും എന്നില്‍ ജ്വലിക്കുന്നു, അത് സ്നേഹമാണ്. പ്രപഞ്ചത്തെ മുഴുവനുമുള്കൊള്ളാനുള്ള ഉള്കരുതോടെ സൗമ്യവും ദീപ്തവുമായ സ്നേഹം. അതോടൊപ്പം നഷ്ടപെട്ടുപോയ സ്വപ്നങ്ങളുടെ തിരുശേഷിപ്പുകളേയും വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇത് നിങ്ങളുടെ അഭിപ്രായങ്ങള്‍ comment box ല്‍ ചേര്‍ത്ത് എന്നെ ശരിയായ വഴിക്ക് നയിക്കുക സസ്നേഹം SR